ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ നിന്ന് ഓട്ടോ പേ ആയി ബില്ലുകള്‍ അടയ്ക്കുന്നവര്‍ക്ക് ഏപ്രില്‍ 1 മുതല്‍ തടസം നേരിട്ടേക്കാം. തുടര്‍ച്ചയായി ഇത്തരം പേയ്‌മെന്റുകള്‍ ഓട്ടോ പേയായി ചെയ്യുമ്പോള്‍ അധിക സുരക്ഷാ ഏര്‍പ്പെടുത്തണമെന്ന ആര്‍ ബി ഐ യുടെ നിര്‍ദേശമാണ് ഇതിന് കാരണം.

മുന്‍കൂര്‍ സെറ്റ് ചെയ്ത സാമ്പത്തിക വിനിമയങ്ങള്‍ക്ക് തുടക്കത്തിലും പിന്നീടും അധികസുരക്ഷാ  ഏര്‍പ്പെടുത്തണം എന്നായിരുന്നു ആര്‍ ബി ഐ അറിയിപ്പ്. ഉപഭോക്താവിന്റെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ആര്‍ ബി ഐ ഇങ്ങനെ ഒരു നിര്‍ദേശം വച്ചിരിക്കുന്നത് . വർധിച്ചു വരുന്ന സൈബർ തട്ടിപ്പുകളിൽ നിന്നും ഉപഭോക്താവിനുണ്ടാകുന്ന വിഷമങ്ങൾ ഇല്ലാതാക്കാനും ഓൺലൈൻ ഇടപാടുകളുടെ വിശ്വാസ്യത കൂട്ടുവാനും ഇത് ഉപകരിക്കും.

‌മൊബൈല്‍, യൂട്ടിലിറ്റി ബില്ലുകള്‍, സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍, റെന്റല്‍ സേവനങ്ങള്‍ എന്നിവയുടെ ഓട്ടോമാറ്റിക് പേയ്‌മെന്റ് തടസപ്പെടാൻ സാധ്യതയുണ്ട് . ഇത്തരം ബില്ലുകള്‍ ഓട്ടോ പേയായി സെറ്റ് ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ അതുകൊണ്ട് നേരിട്ട് അടക്കുന്നതാണ് നല്ലത്.

മുന്‍കൂര്‍ നിര്‍ദേശമനുസരിച്ച് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നും സ്വമേധയാ പണം പോകുമ്പോള്‍ ഒ ടി പി വഴി വീണ്ടും ഉപഭോക്താവ് അനുമതി നല്‍കണമെന്നാണ് ആര്‍ ബി ഐ നിര്‍ദേശിച്ചത്. ഇപ്പോള്‍ ഒരിക്കല്‍ സെറ്റ് ചെയ്താല്‍ പണം അതാത് തീയതികളില്‍ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ആയി  കൊണ്ടിരിക്കും. ഇവിടെ ഒരോ പേയ്‌മെന്റിനും ഉപഭോക്താവ് പ്രത്യേക അനുമതി നല്‍കേണ്ടതില്ല.

പുതിയ നിര്‍ദേശമനുസരിച്ച് ബാങ്കുകളും പെയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും ആദ്യ ഗഡു ഡെബിറ്റ് ചെയ്യുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും ഉപഭോക്താവിനെ അറിയിച്ചിരിക്കണം. എസ് എം എസ്, ഇ മെയില്‍ തുടങ്ങിയ ഏതു  സൗകര്യം ഉപയോഗിക്കണം എന്ന് ഉപഭോക്താവിന് തിരഞ്ഞെടുക്കാം. ഇടപാട് പൂര്‍ത്തിയാക്കാനുള്ള അനുമതിക്കായി നോട്ടിഫിക്കേഷന്‍ വരുമ്പോള്‍ അത് നല്‍കാം. ഈ നടപടിക്രമം ഇല്ലാതെ പണവിനിമയം ഇനി അസാധ്യമാകാനാണ് സാധ്യത.